2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!

(ഹൈന്ദവവിശ്വാസത്തിന്റെ ഇര മധു)
ഹൈന്ദവ വിശ്വാസപദ്ധതികളുടെ ഇരയായി ഇതാ ഒരു കുരുന്നു ജീവനും കൂടി കൊലചെയ്യപ്പെട്ടിരിക്കുന്നു. ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍  70 ദിവസം പ്രായമായ കുഞ്ഞിനെ അതിന്റെ പിതാവു നിലത്തടിച്ചു കൊന്നു (11-09-2010). പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്തില്‍ ചള്ളിക്കടപ്പുറത്തിനു സമീപം പുതുവല്‍ മധുവിന്റെ കടിഞ്ഞൂല്‍ കണ്‍മണി അഖില്‍ദേവാണ് ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മധുവിനെ പോലീസ് അറസ്റ്റുചെയ്തു. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് പല്ല് അല്പം മുളച്ചിരുന്നു എന്നതാണ് പിതാവിനെ വേവലാതിപ്പെടുത്തിയത്. സ്ത്രീവിരുദ്ധ നിലപാടുള്ള നമ്മുടെ സമൂഹത്തില്‍ ആണ്‍ കുട്ടിയായിരുന്നിട്ടു പോലും ഈ കുഞ്ഞിന് രക്ഷപെടാനായില്ല. പല്ലോടു കൂടി ജനിക്കുന്നത്  ദുഃശകുനത്തിന്റെയും ആപത്തിന്റെയും സൂചനയാണെന്ന് ഹിന്ദുക്കള്‍ വിശ്വാസിക്കുന്നു. അത് ശരിയാണെന്ന് പ്രവചിച്ച് പിതാവിനെ അങ്കലാപ്പിയ ജോത്സ്യപ്രവരന്റെ നടപടിയാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കുഞ്ഞ് ജീവിച്ചാല്‍ അച്ഛന് ദോഷമാകുമെന്ന് മധുവിനെ ധരിപ്പിച്ച പുന്നപ്രസ്വദേശിയായ ജോത്സ്യനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ആലപ്പുഴ സൗത്ത് സി.ഐ. വി.കെ. സനില്‍കുമാര്‍ പറഞ്ഞു. ദോഷമകറ്റാന്‍ പരിഹാരക്രിയകള്‍ നടത്താനാണ് നിര്‍ദേശിച്ചതെന്നും കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചില്ലെന്നും ജ്യോത്സ്യന്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.(വാലോടുകൂടി കുഞ്ഞ് ജനിച്ചാല്‍ ഭാഗ്യമത്രെ ! അപൂര്‍വമായി വാലോടു കൂടി ജനിച്ച ശിശുക്കളെ ഹനുമാന്റെ അവതാരമായി കണക്കാക്കി പൂജിക്കുകയും കുട്ടിയെ ഭാഗ്യചിഹ്നമായി കണക്കാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് ഉത്തരേന്ത്യയില്‍ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്.)

(ഹനുമാന്റെ ജന്മമായതിനാല്‍ ഭാഗ്യവാനായ കുട്ടി)
(ഹനുമാന്‍ അവതാരത്തെ ആരാധിക്കാന്‍ കൂടിയ ഹിന്ദു ഭക്തര്‍)


   ഹിന്ദുവിന്റെ വിശ്വാസങ്ങളെല്ലാം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കടുത്ത അന്ധവിശ്വാസങ്ങളാണ്. മിക്കപ്പോഴും അവ അപഹാസ്യമായ രീതിയില്‍ അശ്ലീലവും  പ്രാകൃതവുമാണ്. എന്നാല്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഇതിനോട് ഇഴുകിച്ചേര്‍ന്ന് ജീവിച്ചുപോരുന്നതിനാല്‍ അവ വളരെ സ്വാഭാവികമായും  ശാസ്ത്രാനുസാരിയായും  ആളുകള്‍ക്ക് തോന്നുന്നു. കവിളിലൂടെ ശൂലം കുത്തിയിറക്കി, ജഢ കെട്ടിയ മുടിയും കാവടിയുമായി കാവിയുടുത്തു നമ്മുടെ വീട്ടുമുറ്റത്തു നേര്‍ച്ചക്കായി വരുന്ന ഒരു സുബ്രമണ്യഭക്തനെ കണ്ടാല്‍ നമുക്ക് അസ്വഭാവികമായി യാതൊന്നും തോന്നുകയില്ല. സാധാരണക്കാര്‍ക്ക് ആദരവേ തോന്നുകയുള്ളു. കഴിയുമെങ്കില്‍ വിശ്വാസികള്‍ സാഷ്ടാംഗ പ്രണാമം അര്‍പ്പിക്കാന്‍ കൂടി മറക്കില്ല. ഇത്തരത്തില്‍ എന്തെല്ലാം അസംബന്ധങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഭാരതത്തിലെ ഹിന്ദുക്കള്‍ ജീവിച്ചു പോകുന്നത് ! ഒരു കൂട്ടം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂമ്പാരമാണ് ഹിന്ദുമതം. അതില്‍ ദരിദ്ര-ധനിക വ്യത്യാസമോ ഉച്ച-നീച ജാതിവ്യത്യാസമോ ഇല്ല. വിദ്യാസമ്പന്നരും  ബുദ്ധിജീവികളും കവികളും കലാകാരന്മാരും (പ്രത്യേകിച്ച് സിനിമാക്കാര്‍) എന്ന വ്യത്യാസമില്ല. ഇതിനുള്ള കാരണങ്ങള്‍ സങ്കീര്‍ണമാണ്. അത് വിശകലനം ചെയ്ത് കണ്ടുപിടിക്കുകയെന്നുള്ളതും അസാധ്യമായ കാര്യം തന്നെ. എങ്കിലും ഋഷിപ്രോക്തവും പൌരാണികവുമായ ദര്‍ശനങ്ങളും ദേവസൃഷ്ടമായ വേദങ്ങളുമാണ് അതിന്റെ അടിസ്ഥാന പ്രമാണമെന്ന വിശ്വാസമായിരിക്കാം അതിന്റെ അപ്രമാദിത്വപരമായ നിലനില്‍പിനുള്ള ന്യായം.  അതിലെ നിര്‍വഹണസംഗതികളെല്ലാം വിരട്ടുഭാഷയായ സംസ്കൃതത്തില്‍ ഉരുക്കഴിച്ചാല്‍ കൂടുതല്‍ അതിഭൌതികമായി തീരുകയും ചെയ്യുന്നു. സംഗതി ദേവന്റെയും ബ്രാഹ്മണന്റെയും ഭാഷയല്ലേ ! ബ്രാഹ്മണന്റെ സുഖജീവിതത്തിന്, അവന്റെ അദ്ധ്വാനിക്കാതെയുള്ള ജീവിതത്തിന് പടച്ചുണ്ടാക്കിയതാണ്  ഏതാണ്ട് എല്ലാ ആചാര വിശ്വാസങ്ങളും.
 

ന്ന് ജോത്സ്യന്‍-പൂജാരി-തന്ത്രി ത്രിത്വങ്ങളാണ് ഹിന്ദുത്വ അന്ധവിശവാസങ്ങളുടെ പ്രയോക്താക്കളും പ്രായോജകരും. പൂച്ച കുറുകെ ചാടിയാലുണ്ടാകാവുന്ന മനഃക്ലേശം മുതല്‍ ഗുളിക -രാഹു -കേതു -ശനി തുടങ്ങിയ കണ്ടകടച്ചാണികളുടെ അപഹാരം വരെ ഹിന്ദുവിന്റെ ജീവിതത്തെ കുഴപ്പത്തിലാക്കി അവനെ ജോത്സ്യന്റെ മുന്നിലേക്ക് ആനയിക്കുന്നു. രോഗദുഃഖാദികളില്‍ നിന്നും മോചിതനായി ആയുരാരോഗ്യസൌഭാഗ്യങ്ങളോടെ അഭിവൃത്തിയുടെ പടവുകള്‍ താണ്ടിക്കടന്ന് സംസാരസാഗരത്തിന്റെ മറുകര പൂകാന്‍ ജോത്സ്യന്റെ മുന്നിലെത്തുന്ന ദുഃഖിയുടെ പ്രശ്നങ്ങള്‍ക്ക് അയാള്‍ പരിഹാരം വിധിക്കുകയാണ്. കവടി നിരത്തിയും മഷിയിട്ടു നോക്കിയും മറ്റ് വൈവിധ്യമാര്‍ന്ന തരികിട പരിപാടികളിലൂടെ അയാള്‍ നമ്മുടെ തലയിലെഴുത്ത് വായിച്ചെടുക്കുന്നു. പോക്കറ്റിനു തൂക്കമുണ്ടെങ്കിലും ഇല്ലെങ്കിലും പുരയിടം വിറ്റായാലും പരിഹാര കര്‍മങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ളതിനാലും അയാള്‍ ദൈവത്തെ വരുതിക്കു നിറുത്താന്‍ കഴിവുള്ള മന്ത്രത്തിന്റെ ഉടമസ്ഥനായ ബ്രാഹ്മണതന്ത്രിയുടെയും പൂജാരിയുടെയും അടുക്കലേക്ക് നമ്മേ പറഞ്ഞയക്കുന്നു, ഉള്ളില്‍ ചിരിച്ചു കൊണ്ട്! അങ്ങനെ ടി ത്രിത്വങ്ങള്‍ പരസ്പരം കമ്മീഷന്‍ പങ്കുവെച്ച് അനുസ്യൂതം തുടരുന്ന തരികിടകള്‍ പറഞ്ഞാല്‍ ഒരിക്കലും അവസാനിക്കുന്നതല്ല.

സാമാന്യം സാമ്പത്തികശേഷിയുള്ളവരൊഴിച്ചാല്‍ ഹിന്ദുമതാന്ധവിശ്വാസത്തിന്റെ പുലിമടയില്‍ പെട്ട് ജീവിതം തുലയ്ക്കുന്നവര്‍ സാധാരണക്കാരാണ്. അധഃകൃതര്‍ക്ക് സ്വന്തം അടിമത്തത്തില്‍ നിന്നും മോചനം നേടാനാകാത്തതും  ഈ വിശ്വാസസംഹിതയുടെ ഇരകളായി പോയതുകൊണ്ടാണ്.

കുഞ്ഞിനെ നിലത്തടിച്ച പിതാവു മാത്രമല്ല അയാളുമായി ബന്ധപ്പെട്ട നാട്ടുകാരൊക്കെയും അയാളുടെ വിശ്വാസത്തെ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ ജോത്സ്യന്‍ വിചാരിച്ചിരുന്നെങ്കില്‍ അയാള്‍ക്ക്,  കുട്ടിയുടെ പിതാവിന്റെ തെറ്റിദ്ധാരണ തിരുത്തി ആത്മധൈര്യം പകര്‍ന്ന് കൊടുക്കാമായിരുന്നു. എന്നാല്‍ അയാള്‍ അതു ചെയ്തില്ല. അപ്പോള്‍ ചൂഷണം നടക്കില്ലല്ലോ ! മുളച്ച പല്ലോടുകൂടി ജനിച്ച കുട്ടി പിതാവിന്റെ അന്തകനാണെന്നു വിശ്വസിപ്പിച്ചാല്‍ മാത്രമല്ലെ പരിഹാരകര്‍മങ്ങള്‍ നിര്‍ദേശിച്ച്  കുറെ ക്ഷേത്രങ്ങളിലേക്ക് വഴിപാടും ഹോമവും കുരുതികളുമൊക്കെ നടത്തിച്ച് പതിനായിരങ്ങള്‍ അടിച്ചുമാറ്റാന്‍ ആകൂ.

നാതനസിശ്വാസികളുടെ വിശ്വാസാഭാസത്തരങ്ങള്‍ക്ക് സാര്‍വത്രിക സ്വീകാര്യത കൈവരുന്നത് കൊണ്ട് അവ അശ്ലീലങ്ങളാണെന്ന് ആര്‍ക്കും തോന്നുകയില്ല.
'ചന്ദ്രയാ'ന്റെ തിരികത്തിച്ചു വിടുംമുമ്പേ, 'ദൈവമേ ഞങ്ങളുടെ പ്രയത്നം വിജയത്തിലെത്തിക്കണമേ' എന്ന് ആത്മാര്‍ത്ഥമായി മാധവന്‍നായര്‍ സയന്റിസ്റ്റ് പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍ അത് അശ്ലീലമായി വിവേകബുദ്ധിയുള്ളവര്‍ കാണുകയില്ലായിരുന്നു. എന്നാല്‍ അനുഷ്ഠാനപരമായ തുലാഭാരവും തേങ്ങായുടയ്ക്കലും പോലുള്ള കാളികൂളിവിക്രിയകളാണ് പ്രാര്‍ത്ഥനയേക്കാള്‍ ദൈവത്തെ കീഴ്പെടുത്താന്‍ പറ്റിയ വിദ്യയെന്നും മന്ത്രത്തിനും തന്ത്രത്തിനും വിധേയനായ ദൈവം ബ്രാഹ്മണന്റെ വരുതിക്കു നില്‍ക്കുന്ന അടിമയാണെന്നും അതുകൊണ്ട് തങ്ങള്‍ തന്നെയാണ് ഇതെല്ലാം അനുഷ്ഠിക്കേണ്ട പുരോഹിതരെന്നും പറഞ്ഞ് ബ്രാഹ്മണേഭ്യന്മാര്‍ ജനങ്ങളെ പറഞ്ഞുപറ്റിച്ചു വിശ്വസിപ്പിച്ച് മുതലെടുപ്പ് നടത്തിയ കഥയാണ് ഇന്ത്യാ ചരിത്രത്തിന്റെ മുക്കാല്‍ പങ്കും. അങ്ങനെ ഹൈന്ദവാചാരങ്ങളെന്ന ആഭിചാരക്രിയകള്‍ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ മുദ്രകൂടിയാക്കി മാറ്റുകയാണ് സനാതനികള്‍ !

ജോത്സ്യത്തിലുള്ള വിശ്വാസം എത്രയോ കുടുംബങ്ങളെയാണ് തീരാദുരിതത്തില്‍ തളച്ചിടുന്നത്. അഭ്യസ്ഥവിദ്യര്‍ പോലും തങ്ങളുടെ ഇണയെ കണ്ടെത്തുന്നത് നാള്‍പ്പൊരുത്തം, ചൊവ്വാദോഷം , ജാതകഫലം ആദിയായവ നോക്കിയാണ്. വിദ്യാഭ്യാസവും സൌന്ദര്യവും ജോലിയുമുള്ള എത്രയോ പെണ്‍കുട്ടികള്‍ ചൊവ്വാദോഷത്തിന്റെ പേരില്‍ അനുയോജ്യനായ വരനെ കിട്ടാതെ ഒന്നിനും കൊള്ളാത്തവന്റെ കൂടെ തങ്ങളുടെ വിധിയെ പഴിച്ചുകൊണ്ട് ജീവിക്കേണ്ടിവരുന്നു.

നുഷ്യന്‍ കൂടാതെ ഹൈന്ദവാചാരങ്ങളുടെ പേരില്‍ കഷ്ടപ്പെടുന്ന മറ്റൊരു ജീവിയാണ് ആന. ഈ ജീവിയെ കഷ്ടപ്പെടുത്തി പലപ്പോഴും അത് നിയന്ത്രണം വിട്ട് ഭ്രാന്തിളകി പലരുടെയും ജീവനും സ്വത്തിനും കനത്ത നാശം വന്നു കൊണ്ടിരിന്നിട്ടും തല്‍സമയങ്ങളില്‍  ബന്ധപ്പെട്ട ഭഗവാന്‍/മൂര്‍ത്തി ആരെയും രക്ഷപെടുത്തിയ ചരിത്രം ഇല്ല. എന്നിട്ടും ഈ മൃഗപീഡനവും തത്ദ്വാരായുള്ള മനുഷ്യപീഢനവും സ്വത്തുനാശവും അവസാനിപ്പിക്കാന്‍ ഈ അപരിഷ്കൃതര്‍ തയ്യാറാകുന്ന ലക്ഷണമില്ല. കേന്ദ്ര ഗവണ്‍മെന്റ് ഇതുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവരുന്നതിനെതിരെ സനാതനഫാസിസ്റ്റുകള്‍ ഒച്ചയുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്.



ന്ത്യയില്‍ ഹിന്ദുമതത്തോട് ഏറ്റുമുട്ടി ഉയര്‍ന്നു വന്ന ഏല്ലാ മതങ്ങളും അതിന്റെ മുമ്പില്‍ മുട്ടുമടക്കി. ഇവിടെ വന്ന വൈദേശിക മതങ്ങളുടെയും അവസ്ഥ തഥൈവ! എനിക്കു തോന്നുന്നത് ഹിന്ദുമതത്തിലെ അന്ധവിശ്വാസജഢിലമായ ആഭിചാരക്രിയകളുടെ ആധിക്യം അതിനെ സങ്കീര്‍ണമായ അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും മതമാക്കി മാറ്റിയിരിക്കുന്നതു കൊണ്ട്, ഒരു മാജിക്കുപോലെ, 'ഓം ക്രീം സ്വാഹ...' എന്നൊക്കെയുള്ള മന്ത്രതന്ത്രാദികള്‍ കൊണ്ട് അത് ആളുകളെ കൌതുകപ്പെടുത്തിയും ഭയപ്പെടുത്തിയും നിര്‍ത്തുന്നതായിരിക്കാം  അതിന്റെ വിജയത്തിനുള്ള ഒരു കാരണം. മറ്റൊന്ന് ദൈവത്തെ നേരിട്ടു കാണിച്ചുതരുന്ന  മറ്റേതു മതമുണ്ട് ഈ ലോകത്തില്‍ ? ക്ഷേത്രമെന്ന നാലു കല്‍ച്ചുവരിനുള്ളിലെ അന്ധകാരത്തില്‍ ദീപാവലികളുടെ വൃത്തത്തിനുള്ളില്‍ വ്യക്തമായ കാഴ്ചക്ക് വിധേയപ്പെടാതെ കാണുന്ന വിഗ്രഹം അലൌകികമായ ആത്മീയാനുഭൂതി ഭക്തനില്‍ സൃഷ്ടിക്കുന്നു. ബ്രാഹ്മണനെന്ന അത്ഭുതമനുഷ്യന്റെ പൂജാവിധികളില്‍ നിയന്ത്രിതനായി ഭക്തനുവേണ്ടി  വിനീതദാസനായി നില്‍ക്കുന്ന ഭഗവത് ചൈതന്യം മറ്റേതു മതത്തിലെ പൌരോഹിത്യത്തിനാണ് ഇതുപോലെ ഒരുക്കിത്തരാനാകുന്നത് ? ഭഗവാനെ കരതലാമലകം പോലെ കൈകാര്യം ചെയ്യുന്ന ബ്രാഹ്മണനും അമ്പലത്തിനുള്ളിലെ വിഗ്രഹവും സാമാന്യയുക്തിയിലെങ്കിലും അധിഷ്ഠിതമായ മറ്റ് മതങ്ങളെ നിലമ്പരിശ്ശാക്കുവാന്‍ പര്യാപ്തമാണ്. ഇതു തന്നെയായിരിക്കാം ഒരിക്കലും തകരാത്ത ഹിന്ദുമതത്തിന്റെ വിജയരഹസ്യം. ഇതു തകരണമെങ്കില്‍ അക്ഷരസാക്ഷരത പോരാ ആശയസാക്ഷരത കിട്ടിയാലെ സാധ്യമാവു. ഇന്ത്യയിലെ ദരിദ്രജനകോടികള്‍ ഒരിക്കലും ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാത്തിടത്തോളം ഈ മതം അജ്ജയ്യമായി തുടരും.

ഹിന്ദുവിന്റെ ക്ഷേത്രങ്ങളിലെ ചില വഴിപാടുകളും പൂജകളും അവയുടെ പ്രയോജനങ്ങളും നോക്കൂ. മൃത്യുഞ്ജയഹോമം- ഈ വഴിപാട്  ശിവക്ഷേത്രത്തില്‍ പതിവായി കഴിച്ചാല്‍  പിന്നെ മരണം ഒരിക്കലും ഉണ്ടാകില്ല. തിങ്കളാഴ്ച വൃതം-മുറതെറ്റാതെ അനുഷ്ഠിച്ചാല്‍ മംഗല്യഭാഗ്യവും ഇഷ്ടവരനേയും ലഭിക്കും.
കൈവെട്ടക കുരുതി(കൈവെട്ടാ കുരുതി)- ശത്രുവിന്റെ കൈ വെല്ലവരും വെട്ടിയെടുക്കാനുള്ള ആഭിചാരക്രിയയാണോ അതോ ശത്രുവിന്റെ ഹിംസയാണോ ഇതുകൊണ്ട് ലക്ഷ്യമിടുന്നെതെന്ന് അറിഞ്ഞു കൂടാ (ജോസഫ് മാഷിന്റെ ശത്രുവായ അയല്‍വാസികളായ ഹിന്ദുക്കാളാരെങ്കിലും ടി പൂജനടത്തിയിട്ടായിരിക്കും അദ്ദേഹത്തിന്റെ കൈ എന്‍.ഡി.എഫ് ഭീകരന്മാര്‍ വെട്ടിയെടുത്തത്. ചേര്‍ത്തല പട്ടണക്കാട് പോലീസ് സ്റ്റേഷനില്‍ പോലീസിന്റെ കഷ്ടകാലത്തിനുള്ള പോംവഴി കണ്ടു പിടിച്ച പ്രശ്നകാരിയെക്കൊണ്ട് ഈ വഴിക്ക് ഒന്ന് കവടി നിരത്തിച്ചു നോക്കിയാല്‍ കേസിനു് മറ്റൊരു വഴിത്തിരിവായിരിക്കും ഉണ്ടാകുന്നത്.). ശത്രുസംഹാരപൂജ- ഇതു ഉറപ്പായിട്ടും ശത്രുവിനെ തട്ടിക്കളയും. വിദ്യാഗോപാലമന്ത്രം- ആയിരത്തൊന്നു തവണ തെറ്റാതെ ചൊല്ലിയാല്‍ വിദ്യാര്‍ത്ഥികള്‍ നന്നായി പഠിക്കും; ഉന്നത വിജയം കരസ്ഥമാക്കും. മണ്ണാര്‍ശാല പാമ്പുക്ഷേത്രത്തില്‍ ഉരുളി കമഴ്ത്തിയാല്‍ വന്ധ്യര്‍ക്കു കുട്ടികളുണ്ടാകും. ഇങ്ങനെ നൂറുകണക്കിന് പൂജകളും വഴിപാടുകളും നടത്തിയാണ് വിശ്വാസികളായ ഹിന്ദുക്കള്‍ ശ്വാസം വിട്ട് ജീവിച്ചു പോരുന്നത്. മറ്റുമതങ്ങളില്‍ എവിടെയാണ് ഒരോരോ കാര്യത്തിനും ഇത്ര വൈവിധ്യമാര്‍ന്ന പ്രയോജകവൈഭവമുള്ള പ്രാര്‍ത്ഥനാപദ്ധതികളോ സൂത്രവിദ്യകളോ ഉള്ളത് ?! പുതുതായി പലതരത്തിലുള്ള വഴിപാടുകളും മറ്റും സംഘപരിവാര്‍ ശക്തികളുടെ നേത‍ത്വത്തില്‍ മിക്ക ക്ഷേത്രങ്ങളിലും സൃഷ്ടിച്ചു പോരുന്നുണ്ട്. പൊങ്കാല എന്ന കലാപരിപാടി ജനകീയവത്ക്കരിച്ച് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വ്യാപകമാക്കിയതിനും നാം നന്ദിയുള്ളവരായിരിക്കുക. 

ജാതി സമ്പ്രദായമാണ് ഏറ്റവും വലിയ അനാചാരവും അന്ധവിശ്വാസവും. ഒരു മതമാണെന്നു പറയുന്ന സംഗതിയില്‍ അതിലുള്‍പ്പെടുന്നവര്‍ക്ക് ഒരേ സ്ഥാനം അല്ലെങ്കില്‍ തുല്യത ഉണ്ടാകണമെന്നുള്ളതാണ് സാമാന്യനീതി. എന്നാല്‍ ഉച്ചനീചത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഹിന്ദുമതത്തില്‍ അടിമത്തം അടിമത്തമാണെന്നു പോലും തിരിച്ചറിയാതെ അതു വളരെ സ്വാഭാവികമായ വിധിയായി ഏവരും സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട് ബ്രാഹ്മണനെന്ന ഹിംസ്രജന്തുവിനെ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ട്, അവനു സകല സൌഭാഗ്യങ്ങളും വിട്ടുകൊടുക്കാനും അവന്റെ ചാട്ടവാറടിക്കു കീഴില്‍ അനുസരണയോടെ അണിനിക്കാനും വിശ്വാസികള്‍ക്കു മടിയില്ല. ഇപ്പോള്‍ സകല അവര്‍ണ വിവാഹങ്ങള്‍ക്കും കാര്‍മികത്വം വഹിക്കാന്‍ ബ്രാഹ്മണന്‍ തന്നെ വേണം എന്ന ഒരു നിര്‍ബന്ധം അവര്‍ണ വിഢികളുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ശൂദ്രന്റെ പോലും കാര്‍മികനാകാന്‍ സമ്മതിക്കാത്ത ബ്രാഹ്മണന്‍ ഇന്ന് സര്‍വവേദവിധികളും മറന്നുകൊണ്ട്  പണം തരുന്ന ഏതു അവര്‍ണനു വേണ്ടിയും കര്‍മിയാകുന്ന രീതിയില്‍ പുരോഗമിച്ചിട്ടുണ്ട്.

ങ്ങനെ മുഴുവന്‍ ഹിന്ദുക്കളും ഇരുപത്തിനാലു മണിക്കൂറും മുന്നൂറ്ററുപത്തഞ്ചു ദിവസവും അന്ധവിശ്വാസത്തില്‍ മാത്രം ആറാടി ജീവിക്കുന്നതിനെയാണ് ഹൈന്ദവസംസ്ക്കാരമെന്ന് നാം പറയുന്നത്. ഈ അസംബന്ധങ്ങള്‍ മറച്ചുപിടിച്ചു കൊണ്ടാണ് ഇതിനേക്കാള്‍ യുക്തിപരമായും അപേക്ഷികമായി സുബോധത്തോടെയും ജീവിക്കുന്ന അന്യമതസ്ഥന്റെ ആചാരാനുഷ്ഠാനങ്ങളെയും വേഷവിതാനങ്ങളെയും വെറുപ്പോടെയും  സമചിത്തതയില്ലാതെയും വിമര്‍ശിക്കുന്നത്. പെരുമന്ത് കുഴിച്ചിട്ടിട്ട് ഉണ്ണിമന്തനെ കളിയാക്കുന്ന നെറികേട് ഹിന്ദുക്കള്‍ ഉപേക്ഷിക്കണം. ആദ്യം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൈയൊഴിഞ്ഞ് സ്വയം പരിഷ്ക്കരിച്ചിട്ട് മറ്റുള്ളവരെ ശരിയാക്കാന്‍ പോയാല്‍പ്പോരെ; പക്ഷെ അതിന് ഹിന്ദുമതം തന്നെ പിരിച്ചുവിടേണ്ടിവരും !


 ഹിന്ദുമതം ഈ നിലക്കു മുന്നോട്ടു പോകുന്നത് ഹിന്ദുക്കളുടെ ജീവിതത്തെ വീണ്ടും കൂടുതല്‍ നരക തുല്യമാക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ കള്ളു ഷാപ്പുകള്‍ അടിച്ചുപൂട്ടിക്കുന്നതിന് മുമ്പ് കേരളത്തിലെ സകല ജോതിഷാലയങ്ങളും അടച്ചു പൂട്ടിക്കുവാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചു കൊള്ളുന്നു. ഒരു ക്ഷേത്രം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം തകരുമെന്നല്ലേ വി.ടി. ഭട്ടതിരിപ്പാടെന്ന ബ്രാഹ്മണന്‍ തന്നെ പറഞ്ഞത്. ആ നിലയില്‍ ക്ഷേത്രങ്ങളുടെ മേല്‍ കൂടി കൈവെക്കാന്‍ വിശ്വാസികളായ ഹിന്ദുക്കള്‍ തന്നെ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. :-))))))

കമന്റുകള്‍ ഇവിടെ പോസ്റ്റു ചെയ്യുക

ലോകായതത്തെക്കുറിച്ച്,......

1976-ലെ, 42-ആമത് ഭരണഘടനാഭേദഗതിയോടെ, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ‘പരമാധികാര ജനാധിപത്യ റിപബ്ലിക്ക് (Sovereign Democratic Republic)’ എന്നതിനുപകരം, ‘പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപബ്ലിക്ക് (Sovereign Socialist Secular Democratic Republic)’ എന്നാക്കുകയും, ‘IVA’ എന്ന ഭാഗം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. IVA-വിഭാവന ചെയ്യുന്ന മൌലിക കര്‍ത്തവ്യങ്ങളില്‍ 51A(h) പ്രകാരം, ജനങ്ങളില്‍ ശാസ്ത്രാവബോധവും മാനവികതയും അന്വേഷണത്തിനും പരിഷ്ക്കരണത്തിനുള്ള ത്വരയും വികസിപ്പിക്കേണ്ടത് ഓരോ പൌരന്റേയും കര്‍ത്തവ്യമാണെന്ന് പറയുന്നു. കേരളത്തിലെ യുക്തിവാദികളും, അവരുടെ പ്രസ്ഥാനങ്ങളും ഭരണഘടനാപരമായ ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു.

‘ഹൈന്ദവം’ എന്നു വിളിക്കപ്പെടുന്ന സംസ്ക്കാരവും മതവും ജനങ്ങളെ അന്ധവിശ്വാസികളും വിധിവിശ്വാ‍സികളും ആക്കി മാറ്റുകയും, അപരിഹാര്യമായ പരിക്കുകള്‍ അവരുടെ ജീവിതത്തിലും സംസ്ക്കാരത്തിലും ഏല്പിക്കുകയും ചെയ്തു. എന്നാല്‍ ആത്മരക്ഷാര്‍ത്ഥം അവര്‍ അഭയം തേടിയ വൈദേശികമതങ്ങളാകട്ടെ, ചാതുര്‍വര്‍ണ്ണ്യമെന്ന ഹൈന്ദവദുര്‍ഭൂതം ആവേശിച്ചതിനാല്‍ തന്നെ ഉദ്ദേശിച്ച ഗുണവും ചെയ്തില്ല. നവോത്ഥാനവും വ്യവസായികവിപ്ലവവും യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടാക്കിയ നവമാനവികമൂല്യങ്ങള്‍ ലോകമാകമാനം പരക്കുകയും, മതത്തിനുപകരം ശാസ്ത്രമാണ് മനുഷ്യനെ എല്ലാ തടവറകളില്‍ നിന്നും മോചിപ്പിക്കുന്നതെന്ന് തിരിച്ചറിയപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഭാരതത്തിലും ആസ്തിക ദര്‍ശനങ്ങളോടൊപ്പം തന്നെ ഭൌതികവാദപരവും നിരീശ്വരപരവുമായ ദര്‍ശനങ്ങള്‍, അതി പ്രാചീനകാലം മുതല്‍ ഉയര്‍ന്നുവന്നിരുന്നു. ഷഢ്ദര്‍ശനങ്ങളില്‍ നാലും ഭൌദികവാദപരങ്ങളായിരുന്നു. എന്നാല്‍ ചരിത്രത്തിന്റെ പ്രയാണത്തില്‍ ഈ പാരമ്പര്യം അധികാരവും ഹിംസയും ഉപയോഗിച്ച് ബ്രാഹ്മണ്യം തകര്‍ക്കുകയും ആസ്തിക്യം മേല്‍കൈനേടുകയും ചെയ്തു. നമ്മുടെ നാസ്തിക പാരമ്പര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ലോകായതം ഇവിടെ ആരംഭിക്കുന്നു......