2010, മാർച്ച് 24, ബുധനാഴ്‌ച

കാ‍യംകുളം കട്ടച്ചിറ പള്ളിയിൽ മേരിമാതാവ് കരയുന്നു.

കട്ടച്ചിറ മാതാവിന്റെ കരച്ചിൽ വിശ്വാസികളെ വഞ്ചിച്ച് സാമ്പത്തിക സമാഹരണം നടത്താൻ

കായംകുളം കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ ചാപ്പലിലെ മാതാവിന്റെ ഫ്ളക്സ് ചിത്രത്തിൽ നിന്ന് സുഗന്ധകണ്ണുനീർ വരുന്നുവെന്ന പ്രചരണത്തിന്റെ മറവിൽ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പ് ആധുനിക സമൂഹത്തെ അപഹാസ്യപ്പെടുത്തുന്നതാണ്. കട്ടച്ചിറപള്ളി, ഓർത്തഡോക്സ് - യക്കോബായ സഭാതർക്കം മൂലം കേസിലായിരുന്നതിനാൽ യാക്കോബായക്കാർ പ്രാര്‍ത്ഥനയ്ക്കായി ഉണ്ടാക്കിയ താല്കാലിക ഷെഡ്ഡിലാണ് ഈ നാടകം അരങ്ങേറിയത്. 2009 ഒക്ടോബർ 21 നാണ് ആദ്യമായി കണ്ണുനീർ വന്നതെന്ന് രേഖപ്പെടുത്തി വച്ചിട്ടുണ്ട്. കഥയറിഞ്ഞ് വിശ്വാസികൾ എത്തിത്തുടങ്ങി. മാതാവിന്റെ മുന്നിലെ ഭണ്ടാരപ്പെട്ടി നോട്ടുകളാൾ നിറഞ്ഞുതുടങ്ങി. ഇതൊരു നല്ല അവസരമായി കണ്ട സഭാനേതൃത്വം കട്ടച്ചിറപ്പള്ളിയെ 2010 ജനുവരി 10 ന് ആഗോള മരിയൻ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. തദവസരത്തിൽ വേദിയിലുണ്ടായിരുന്ന മന്ത്രി സി.ദിവാകരൻ സമാനതകളില്ലാത്ത അത്ഭുതമാണവിടെ നടന്നതെന്ന് സാക്ഷ്യപ്പെടുത്തി (മലയാളമനോരമ 2010 ജന.11). യുക്തിവാദി സംഘം പ്രവർത്തകരായ കരുനാഗപ്പള്ളി ജി.സന്തോഷ്കുമാറും സുഹൃത്തുക്കളും അന്വേഷണത്തിനായി കട്ടച്ചിറപ്പള്ളിയിൽ എത്തി. മാതാവിന്റെ ഫ്ളക്സ് ബോർഡ് ഒരു മീറ്റർ അകലെ നിന്ന് കണ്ട അവർക്ക് മാതാവിന്റെ കരച്ചിൽ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല, ഒന്നര അടി വീതിയും രണ്ടര അടി നീളവുമുള്ള പാർശ്വവീക്ഷണ രീതിയിലുള്ള മാതാവിന്റെ ചിത്രത്തിൽ ഇടതുകണ്ണിന്റെ ഭാഗത്തുനിന്ന് എണ്ണപോലുള്ള ഒരു ദ്രാവകം ഒലിച്ചിറിങ്ങിയ പാടും ചിത്രം വച്ചിരിക്കുന്ന പ്ളേറ്റിൽ അങ്ങിങ്ങ് തുള്ളികളായി കിടന്ന ദ്രാവകവും കണ്ട് സംതൃത്പിയടയേണ്ടി വന്നു. അധികൃതരോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അല്പം മുമ്പു വരെ കണ്ണുനീര്‍ വന്നിരുന്നു എന്ന മറുപടിയും പോരാത്തതിന് കണ്ണുനീർ ധാരധാരയായിവരുന്ന വീഡിയോയും കാണിച്ചു. വീഡിയോ ചിത്രം എങ്ങിനെയും നിര്‍മ്മിക്കാം എന്ന് സാമാന്യ യുക്തിയുള്ള ഏവര്‍ക്കുമറിയാം. പക്ഷെ ക്ഷിപ്ര വിശ്വാസികള്‍ക്ക് ഇതു തന്നെ ധാരാളം. പോരാത്തതിന് രോഗം മാറിയവരുടെയും ജോലികിട്ടിയരുടെയും സാക്ഷ്യ പത്രവും. എന്തായാലും കച്ചവടം കൊഴുത്തു. നാനാദേശങ്ങളിൽ നിന്നും നിരവധി വിശ്വസികൾ വാഹനങ്ങളിൽ എത്തിത്തുടങ്ങി. ആഴ്ചയിലൊരിക്കൽ മാത്രം കുര്‍ബാനയുണ്ടായിരുന്ന വളരെ ചെറിയ ഒരു ചാപ്പൽ ഇപ്പോൾ ഇരുപത്തിനാലു മണിക്കൂറും ഉച്ചഭാഷണി (ആര് അനുവാദം കൊടുത്തു ?) വച്ച് അനുഗ്രഹം ചൊരിയുന്നു. മാതാവ് ചിരിച്ചാലെന്താ കരഞ്ഞാലെന്താ നമുക്കും കിട്ടണം പണം എന്നോര്‍ത്ത് ഭിക്ഷക്കാരും കച്ചവടക്കാരും ഓട്ടോ-ടാക്സി ഡ്രൈവര്‍മാരും തീര്‍ത്ഥാടനത്തിന് കൊഴുപ്പു കൂട്ടുന്നു. ഇഴഞ്ഞു നീങ്ങിയിരുന്ന ഓഡിറ്റോറിയം പണി, വരുമാനം കൂടിയപ്പോൾ പെട്ടെന്ന് പൂര്‍ത്തിയാക്കി ഗംഭീര ഒരു ധ്യാനകേന്ദ്രമാക്കിയിരിക്കുന്നു. കൂടുതൽ സ്ഥലം വാങ്ങി പള്ളിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ തുടങ്ങിയിട്ടുള്ളതായി അറിയുന്നു.
കേരളയുക്തിവാദി സംഘം ജനറൽ സെക്രട്ടറി അഡ്വ.കെ.എൻ.അനില്‍കുമാർ അടൂർ ഭദ്രാസന മെത്രോപ്പൊലിത്ത മാത്യൂസ് മാർ തേവോദോസിയോസിന്, ഇതിന്റെ നിജസ്ഥിതി അറിയാൻ യുക്തിവാദി സംഘം പ്രവര്‍ത്തകർ കട്ടച്ചിറ പള്ളി സന്ദര്‍ശിക്കുണ്ടെന്നും അവര്‍ക്ക് അത് പരിശോധിക്കാനുള്ള അനുമതി നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് കത്തെഴുതി. പ്രസ്തുത ദിവ്യാത്ഭുതം പരിശോധനയിൽ സത്യമാണെന്ന് തെളിഞ്ഞാൽ അത് പ്രചരിപ്പിക്കാൻ തങ്ങളും തയ്യാറാണെന്നും എന്നാൽ അത് തട്ടിപ്പാണെന്ന് തെളിഞ്ഞാൽ പൊതുജനസമക്ഷം തുറന്നു സമ്മതിക്കാൻ സഭയും തയ്യാറാകണമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. മെത്രാപ്പൊലിത്തയിൽ നിന്ന് അനുമതി കത്ത് ലഭിക്കുകയും 2010 മാര്‍ച്ച് 6 ന് പകല്‍ 11 മണിക്ക് ഫിറ ദേശീയപ്രസിഡന്റ് ഡോ.നരേന്ദ്രനായിക്, അഡ്വ.അനില്‍കുമാർ, സം.വൈ.പ്രസിഡന്റ് രാജഗോപാൽ വാകത്താനം, എഴുപുന്ന ഗോപിനാഥ്, കൊല്ലം ജില്ലാ സെക്രട്ടറി അച്ചന്‍കുഞ്ഞ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ.അജിത്, സെക്രട്ടറി എസ്.അനിൽ എന്നിവരടങ്ങിയ ഒരു സംഘം പ്രവര്‍ത്തകർ കട്ടച്ചിറപ്പള്ളിയിൽ എത്തിച്ചേര്‍ന്നു. മെത്രാപ്പൊലിത്തയുടെ പ്രതിനിധിയായി എത്തിയിട്ടുള്ള കോർഎപ്പിസ്കോപ്പയുമായി കൂടിക്കാഴ്ച നടത്തി. ചിത്രത്തിൽ തൊടാനോ ദ്രാവകത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി വെളിയിലേക്ക് കൊണ്ടുപോകാനോ അനുവാദമില്ല, മാത്രമല്ല പരിശോധിച്ചതായി ഒരു സ്റേറ്റ്മെന്റ് എഴുതിക്കൊടുക്കുകയും വേണം. ഈ നിബന്ധനയുടെ അടിസ്ഥാനത്തിൽ സംഘം പ്രവര്‍ത്തകരെ ചാപ്പലിലേക്ക് പ്രവേശിപ്പിച്ചു. അവിടെ കണ്ട കാഴ്ച സന്തോഷും കൂട്ടരും കണ്ടതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. കോർഎപ്പിസ്കോപ്പ ദ്രാവകം വിരലിൽ തൊട്ട് അതിന്റെ സുഗന്ധം എല്ലാവരെയും അറിയിച്ചു. എന്നാൽ ദ്രാവകത്തിലോ ചിത്രത്തിലോ തൊടാനോ മറ്റു പരിശോധനകള്‍ക്കോ അനുവാദമുണ്ടായില്ല. പക്ഷെ, പ്രാഥമിക പരിശേധനയില്‍ത്തന്നെ, മനുഷ്യകരങ്ങളാൽ ദ്രാവകം ചിത്രത്തിൽ ഒഴിക്കപ്പെട്ടിട്ടുള്ളതാണെന്ന് സംഘാംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടു (കോർഎപ്പിസ്കോപ്പയുമായി സംസാരിക്കുമ്പോൾ വളരെയേറെ ക്ഷോഭിച്ചു കാണപ്പെട്ട ഇടവകയിലെ യുവവികാരിയെ ആരും ഇക്കാര്യത്തിൽ സംശയിച്ചു പോകും). മാതാവിന്റെ കണ്ണിൽ നിന്നല്ല അതിനു മുകളിലുള്ള ഭാഗത്തുനിന്നാണ് ഒലിച്ചിറങ്ങിയ പാടുള്ളത് എന്ന് സൂക്ഷിച്ചു നോക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. അവിടെ ഒരു അത്ഭുതവും സംഭവിച്ചിട്ടില്ല എന്ന് മുമ്പുള്ള അനുഭവങ്ങളിൽ (മഞ്ഞളരുവിയിലെ മാതാവിന്റെ കണ്ണിൽ നിന്ന് രക്തം വന്നത്, ചെന്നിത്തലയിൽ ശ്രീനാരായണ പ്രതിമ വിയര്‍ത്തത് തുടങ്ങിയ അത്ഭുതങ്ങൾ അനാവരണം ചെയ്തിട്ടുണ്ട്) നിന്ന് തന്നെ സംഘാംഗങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും അവിടെ എന്ത് ട്രിക്കാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കി, അനാവരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പക്ഷെ, അവിടെ ഒരു നാലാംകിട മാജിക്ക് പോലും പ്രയോഗിക്കാതെയാണ് വിശ്വാസികളെ വഞ്ചിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോൾ ശരിക്കും അമ്പരന്നുപോയി. പ്രാഥമിക പരിശോധന നടത്തിയെന്നും അവിടെ ഒരു അത്ഭുതവും സംഭവിച്ചിട്ടില്ലെന്നും ഏത് ദ്രാവകമാണെന്നറിയാൻ ലാബറട്ടറി പരിശോധന ആവശ്യമുണ്ടെന്നും പള്ളി അധികാരികള്‍ക്ക് എഴുതിക്കൊടത്തു.
മാര്‍ച്ച് 6 ന് വെകുന്നരം 5 മണിക്ക് കറ്റാനം ജംഗഷനിൽ കേരളയുക്തിവാദി സംഘം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആത്മീയ വ്യവസായത്തിനെതിരെ ബഹുജന സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. ഫിറ(ഫെഡറോഷന്‍ ഓഫ് ഇന്ത്യന്‍ റാഷണലിസ്റ് അസോസിയേഷന്‍സ്) ദേശീയ പ്രസിഡന്റ് ഡോ.നരേന്ദ്രനായിക് ഉദ്ഘാടനം ചെയ്തു. അന്തരിച്ച ദിവ്യാത്ഭുതങ്ങളുടെ വേട്ടക്കാരൻ ബി.പ്രേമാനന്ദിന്റെ ഫ്ളക്സ് ചിത്രത്തിൽ നിന്ന് കണ്ണുനീർ വരുത്തിക്കൊണ്ട് കട്ടച്ചിറയിലെ ‘മഹാത്ഭുതം’ അദ്ദേഹം അനാവരണം ചെയ്തു. വേദിയിൽ എഴുപുന്നഗോപിനാഥ് ഒരുക്കിയ ആനയുടെ ചിത്രത്തിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നതു കാണാൻ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി. ഇതിനിടെ കട്ടച്ചിറ പള്ളിയുമായി ബന്ധമുള്ള ഏതാനും ആളുകൾ (യുക്തിവാദിസംഘം പള്ളിയിൽ പരിശോധനയ്ക്കുശേഷം എഴുതിക്കൊടുത്ത പ്രസ്താവനയുടെ ഫോട്ടോകോപ്പി കാണിച്ചുകൊണ്ടും സംഘം കട്ടച്ചിറയിലെ അത്ഭുതം ശരിവച്ചു എന്നവകാശപ്പെട്ടുകൊണ്ടും) പ്രേമാനന്ദിന്റെ ചിത്രം വലിച്ചു കീറാനും യോഗം അലങ്കോലപ്പെടുത്താനും ശ്രമം നടത്തി. പക്ഷെ, പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം യോഗം സമാധാനപരമായി പര്യവസാനിച്ചു. സംഘം സം.വൈ.പ്രസിഡന്റ് രാജഗോപാൽവാകത്താനം അദ്ധ്യക്ഷത വഹിച്ചു. സംഘം ജനറൽസെക്രട്ടറി അഡ്വ.അനില്‍കുമാർ‍, ഫാ.അലോഷ്യസ്.ഡി.ഫെര്‍ണാണ്ടസ്(ഓറ മാസിക പത്രാധിപർ), ആർ.ശിവരാമപിള്ള(കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), എം.ടി.കൊച്ചുമോൾ(ജനജാഗൃതി സാംസ്കാരിക കേന്ദ്രം) എന്നിവർ പ്രസംഗിച്ചു. തുടര്‍ന്ന് മനുഷ്യദൈവങ്ങളുടെയും സിദ്ധന്മാരുടെയും തട്ടിപ്പുകൾ തുറന്നു കാണിച്ചുകൊണ്ട് മജീഷ്യൻ എഴുപുന്നഗോപിനാഥ് ദിവ്യാത്ഭുത അനാവരണ പരിപാടി നടത്തി.
ഇതിനിടെ യുക്തിവാദികൾ ദിവ്യാത്ഭുതം ശരിവച്ചു എന്ന് പള്ളിയധികാരികൾ മാധ്യമ പ്രസ്ഥാവന നടത്തുകയും കുപ്രചരണം അഴിച്ചു വിടുകയും ചെയ്തു.
.


ക്ഷുഭിതനായി കണ്ട ഇടവകയിലെ യുവവികാരി.
സംഭവം നടന്ന ചാപ്പൽ










നരേന്ദ്രനായിക്ക് സംസാരിക്കുന്നു.



ഭക്തിവ്യവസായത്തിനെതിരെ ബഹുജന കൂട്ടായ്മ ഡോ.നരേന്ദ്രനയിക് ഉദ്ഘാടനം ചെയ്യുന്നു.













അഡ്വ.അനിൽകുമാർ


















കോർ എപ്പിസ്ക്കോപ്പയുമായി ചർച്ചചെയ്യുന്നു.















 മാതാവിന്റെ ചിത്രത്തിൽ നിന്ന് വന്നു എന്ന് അവകാശപ്പെടുന്ന ദ്രാവകം .

 കേരള യുക്തിവാദി സംഘം മാര്‍ച്ച് 11 ന് ആലപ്പുഴയിൽ പത്രസമ്മേളനം നടത്തി, കട്ടച്ചിറപ്പള്ളിയൽ ഒരത്ഭുതവും സംഭവിച്ചിട്ടില്ലെന്നും മറിച്ച് മാതാവിന്റെ ഫ്ളക്സ് ചിത്രത്തിൽ നിന്നും കണ്ണുനീർ വരുന്നു എന്നത് തെളിയിച്ചാൽ പത്ത് ലക്ഷം രൂപാ നല്‍കാമെന്നും പള്ളിയധികാരികളെ സംഘം ജനറൽ സെക്രട്ടറി അഡ്വ.അനില്‍കുമാർ വെല്ലുവിളിച്ചു. രാജഗോപാല്‍വാകത്താനം, കെ.അജിത്, എസ്.അഭിലാഷ്, സി.സജി തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

10 അഭിപ്രായങ്ങൾ:

  1. There are many such frauds are being staged in various parts of India,Kerala and also many other countries daily.Why people having higher education believe such nonsense?The education system itself is the main culprit.Scientific temper is lacking in our society due to this education. Our SSA textbooks are more scientific compared to NCERT texts.But most of our teachers who teach these texts are highly superstitious.Really pathetic.
    Good Post,Congrats.

    മറുപടിഇല്ലാതാക്കൂ
  2. “കട്ടച്ചിറപ്പള്ളിയെ 2010 ജനുവരി 10 ന് ആഗോള മരിയൻ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. തദവസരത്തിൽ വേദിയിലുണ്ടായിരുന്ന മന്ത്രി സി.ദിവാകരൻ സമാനതകളില്ലാത്ത അത്ഭുതമാണവിടെ നടന്നതെന്ന് സാക്ഷ്യപ്പെടുത്തി (മലയാളമനോരമ 2010 ജന.11).”

    നാട്ടിൽ നിന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കാൻ അഹോരാത്രം പണിപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മന്ത്രി തന്നെ വേണം ഇത്തരം ഒരു തട്ടിപ്പിന് സാക്ഷ്യപത്രം ഇറക്കാൻ. കുറെ വയറ്റിപ്പിഴപ്പു കമ്മ്യൂണിസ്റ്റുകൾ ! ലജ്ജാകരം !

    പാതിരിമാർ പണം ഉണ്ടാക്കാൻ എന്തുവഞ്ചനയും കാണിക്കുന്നതിന് ഉത്തമ ദൃഷ്ടാന്തമാണി സംഭവം.

    മറുപടിഇല്ലാതാക്കൂ
  3. ഫ്ലക്സ് ബോര്‍ഡില്‍ നിന്ന് കണ്ണീര്‍ വരുന്നു എന്ന് പറയുന്നത് സമാനതകളില്ലാത്ത അതിശയം തന്നെ :)

    മറുപടിഇല്ലാതാക്കൂ
  4. ഗണപതിയുടെ പാലു കുടി, മാതാവിന്റെ കണ്ണീർ, നോട്ടീസ് ദൈവങ്ങൾ ...മണ്ണാങ്കട്ട....

    നമ്മളൊക്കെ ഏതു നൂറ്റാണ്ടിലാണോ ആവോ...എന്നതായാലും എളുപ്പം മാർക്കറ്റ് ചെയ്യാവുന്നതും വിറ്റുപോവുന്നതുമായ ഒരു ഒന്നൊന്നര സാധനം തന്നെയാണു ഭക്തി...

    മറുപടിഇല്ലാതാക്കൂ
  5. ഒരു വശത്ത് ശാസ്ത്രം വളർന്നു കൊണ്ടേയിരിക്കുന്നു.മറുവശത്ത് മന്ദബുദ്ധികളും.

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2010, മാർച്ച് 26 10:59 AM

    സ്വതന്ത്രചിന്തകൻ, നിസ്സഹായൻ, കെ.പി.സുകുമാരൻ,പ്രവീൺ വട്ടപ്പറമ്പത്ത്,ചാർവാകൻ... അഭിപ്രായങ്ങൾക്ക് നന്ദി. ഇപ്പോൾ പള്ളിയധികാരികൾ പറയുന്നു ഈ അത്ഭുതം ഒരു ആറുമാസത്തിൽ കൂടുതൽ നീണ്ടുനിൽക്കാൻ സാധ്യത ഇല്ല എന്ന്.കാരണം ഒരു അത്ഭുതവും അതിൽ കൂടുതൽ നിന്നിട്ടില്ലത്രെ!(അതൊ ഈ സമയത്തിനുള്ളിൽ പള്ളി പണി തീർക്കാം എന്നുള്ളതുകൊണ്ടോ?)

    മറുപടിഇല്ലാതാക്കൂ
  7. ഫ്ലെക്സിലെ മേരിമാതാവിന് അവിടെയെത്തുന്ന ഭക്തരെ നോക്കി ഒന്നു ചിരിച്ചുകൂടെ ?!

    മറുപടിഇല്ലാതാക്കൂ
  8. നാം ഒരിക്കലും സ്വയം നന്നാകാത്ത ജനതയാണ്. ആരെങ്കിലും നമ്മെ നന്നാക്കിയാലെ നേരെയാകു.ബ്രീട്ടീഷുകാരുടെ അടിമകളായി കഴിഞ്ഞതിനാൽ അവർ കുറെ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കി. ഭാരതം സ്വതന്ത്രമായ ശേഷം ഇവിടുത്തെ ഭരണകൂടം എത്ര അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിയമം മൂലം നിരോധിച്ചിട്ടുണ്ട് ? മൃഗബലി നിരോധിക്കുകയോ മറ്റോ ആണ് സ്വതന്ത്ര സർക്കാർ ചെയ്ത ഏക കാര്യമെന്നു തോന്നുന്നു. ജനങ്ങളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാഭ്യാസത്തിലൂടെയൊ ആശയപ്രചരണത്തിലൂടെയോ എന്തു നടപടി സ്വീകരിച്ചിട്ടുണ്ട് ? അല്ലെങ്കിൽ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഇതുപോലുള്ള ശുദ്ധതട്ടിപ്പ്പുകൾ നടത്തി പണം പിടുങ്ങന്നവരെ ജയിലിലാക്കാൻ സർക്കാർ തയ്യാറാകേണ്ടിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. വിയർക്കുക, രക്തക്കണ്ണീർ-സുഗന്ധക്കണ്ണീർ പൊഴിക്കുക, രോമം വളരുക തുടങ്ങിയ ദൃഷ്ടാന്തങ്ങളിലുടെ ദൈവങ്ങൾ അവരുടെ അസ്തിത്വം ജനങ്ങൾക്കു കാണിച്ചു കൊടുക്കുകയാണ്. ഇതുപോലുള്ള ക്ഷുദ്രങ്ങളായ തറവേലകൾ കാണിക്കാതെ അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയതിനേക്കാൾ വലിയ അത്ഭുതങ്ങളല്ലേ ഇന്നത്തെ കാലത്ത് ദൈവം കാണിക്കേണ്ടത്. ജനങ്ങളിലെ മൃഗീയഭൂരിപക്ഷവും എല്ലാക്കാലത്തും വിഡ്ഢികളായതു കൊണ്ടാണ് മതങ്ങളും അവയിലെ പൌരോഹിത്യവും എല്ലാക്കാലത്തും അവരെ പറ്റിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  10. കൊല്ലുന്ന കപട ആത്മീയ വാദികൾക്ക് തിന്നുന്ന മന്ത്രി

    മറുപടിഇല്ലാതാക്കൂ

കമന്റ് മോഡറേഷന്‍ ഏര്‍പ്പേടുത്തിയിട്ടില്ല.

ലോകായതത്തെക്കുറിച്ച്,......

1976-ലെ, 42-ആമത് ഭരണഘടനാഭേദഗതിയോടെ, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ‘പരമാധികാര ജനാധിപത്യ റിപബ്ലിക്ക് (Sovereign Democratic Republic)’ എന്നതിനുപകരം, ‘പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപബ്ലിക്ക് (Sovereign Socialist Secular Democratic Republic)’ എന്നാക്കുകയും, ‘IVA’ എന്ന ഭാഗം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. IVA-വിഭാവന ചെയ്യുന്ന മൌലിക കര്‍ത്തവ്യങ്ങളില്‍ 51A(h) പ്രകാരം, ജനങ്ങളില്‍ ശാസ്ത്രാവബോധവും മാനവികതയും അന്വേഷണത്തിനും പരിഷ്ക്കരണത്തിനുള്ള ത്വരയും വികസിപ്പിക്കേണ്ടത് ഓരോ പൌരന്റേയും കര്‍ത്തവ്യമാണെന്ന് പറയുന്നു. കേരളത്തിലെ യുക്തിവാദികളും, അവരുടെ പ്രസ്ഥാനങ്ങളും ഭരണഘടനാപരമായ ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു.

‘ഹൈന്ദവം’ എന്നു വിളിക്കപ്പെടുന്ന സംസ്ക്കാരവും മതവും ജനങ്ങളെ അന്ധവിശ്വാസികളും വിധിവിശ്വാ‍സികളും ആക്കി മാറ്റുകയും, അപരിഹാര്യമായ പരിക്കുകള്‍ അവരുടെ ജീവിതത്തിലും സംസ്ക്കാരത്തിലും ഏല്പിക്കുകയും ചെയ്തു. എന്നാല്‍ ആത്മരക്ഷാര്‍ത്ഥം അവര്‍ അഭയം തേടിയ വൈദേശികമതങ്ങളാകട്ടെ, ചാതുര്‍വര്‍ണ്ണ്യമെന്ന ഹൈന്ദവദുര്‍ഭൂതം ആവേശിച്ചതിനാല്‍ തന്നെ ഉദ്ദേശിച്ച ഗുണവും ചെയ്തില്ല. നവോത്ഥാനവും വ്യവസായികവിപ്ലവവും യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടാക്കിയ നവമാനവികമൂല്യങ്ങള്‍ ലോകമാകമാനം പരക്കുകയും, മതത്തിനുപകരം ശാസ്ത്രമാണ് മനുഷ്യനെ എല്ലാ തടവറകളില്‍ നിന്നും മോചിപ്പിക്കുന്നതെന്ന് തിരിച്ചറിയപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഭാരതത്തിലും ആസ്തിക ദര്‍ശനങ്ങളോടൊപ്പം തന്നെ ഭൌതികവാദപരവും നിരീശ്വരപരവുമായ ദര്‍ശനങ്ങള്‍, അതി പ്രാചീനകാലം മുതല്‍ ഉയര്‍ന്നുവന്നിരുന്നു. ഷഢ്ദര്‍ശനങ്ങളില്‍ നാലും ഭൌദികവാദപരങ്ങളായിരുന്നു. എന്നാല്‍ ചരിത്രത്തിന്റെ പ്രയാണത്തില്‍ ഈ പാരമ്പര്യം അധികാരവും ഹിംസയും ഉപയോഗിച്ച് ബ്രാഹ്മണ്യം തകര്‍ക്കുകയും ആസ്തിക്യം മേല്‍കൈനേടുകയും ചെയ്തു. നമ്മുടെ നാസ്തിക പാരമ്പര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ലോകായതം ഇവിടെ ആരംഭിക്കുന്നു......